അറിവുകള്‍

പ്രമേഹവും ദന്തരോഗങ്ങളും
ഡോ. സി.പി. ഫൈസല്‍ 
പ്രമേഹം എല്ലാ പ്രായക്കാരിലും കാണുന്ന രോഗമാണ്. നവജാത ശിശുക്കളിലും മുതിര്‍ന്നവരിലും ഒരേപോലെ ഈ രോഗം ബാധിക്കുന്നു. ഓരോ വര്‍ഷവും ലക്ഷോപലക്ഷം പ്രമേഹരോഗികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2011-ഓടെ ലോകത്ത് 225 മില്യണ്‍ പ്രമേഹരോഗികള്‍ ഉണ്ടാവുമെന്ന് കരുതുന്നു. ഈ വര്‍ഷാവസാനത്തോടുകൂടി ഇന്ത്യയില്‍ 52 മില്യണ്‍ പ്രമേഹരോഗികള്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

മനുഷ്യശരീരത്തിലെ ഓരോ ഭാഗത്തിനും പ്രമേഹം ദുരിതങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഹൃദ്രോഗം, ഞരമ്പ് രോഗങ്ങള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍, കാലിലെ ഉണങ്ങാത്ത വ്രണങ്ങള്‍, ഡയബറ്റിക് ററ്റിനോപ്പതി എന്നിവയെല്ലാം പ്രമേഹത്തിന്റെ ഭാഗമാണ്. പ്രമേഹം ഒരിക്കലും മുഴുവനും ചികിത്സിച്ചുമാറ്റാന്‍ പറ്റുന്ന രോഗമല്ല. പ്രമേഹചികിത്സയുടെ പ്രധാന ലക്ഷ്യം രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ ഇല്ലാതാക്കുകയോ കുറച്ചുകൊണ്ട് വരികയോ ചെയ്യല്‍ എന്നിവയാണ്.

പ്രമേഹ രോഗികളില്‍ നല്ല ദന്താരോഗ്യം സൂക്ഷിക്കേണ്ടത് പരമപ്രധാനമാണ്. പ്രമേഹമുള്ളവരില്‍ ദന്താരോഗ്യം മികച്ചതല്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. മോണരോഗം, പെരിയോ ഡോന്‍ഡൈറ്റീസ്, പൂപ്പല്‍, പുഴുപ്പല്ല്, വായപ്പുണ്ണ്, ഭക്ഷണത്തിന് രുചിയില്ലായ്മ, നാവിന്റെ അറ്റത്ത് തരിപ്പ്, വേദന തുടങ്ങിയ രോഗങ്ങള്‍ പ്രമേഹമുള്ളവരില്‍ കാണാം. ഇതില്‍ പ്രധാനമായും ഉള്ള രോഗം മോണരോഗമാണ്. മോണരോഗം അതിന്റെ ആരംഭത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും തന്മൂലം പല്ലുകള്‍ നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും. മാത്രവുമല്ല മോണരോഗങ്ങള്‍ ഉള്ളിടത്തോളം കാലം പ്രമേഹരോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കില്ല എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

പ്രമേഹരോഗികളുടെ ഉമിനീരിലും ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് ഉള്ളതുകൊണ്ട് അണുക്കള്‍ വളരെപ്പെട്ടെന്ന് വളരാന്‍ ഇടയാവുകയും പല്ലുകളില്‍ കേടുകള്‍ ഉണ്ടാവാ ന്‍ കാരണമാവുകയും ചെയ്യുന്നു.

ചില പ്രമേഹരോഗികളില്‍ ഉമിനീരിന്റെ അളവ് കുറയുകയും വായിലും നാവിലും വേദനയും പുണ്ണുകളും ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു. കൂടാതെ മോണരോഗങ്ങളുടെയും ദന്തക്ഷയത്തിന്റെയും കാഠിന്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത്തരം ദന്തരോഗങ്ങള്‍ ഉള്ള പ്രമേഹരോഗികള്‍ എത്രയും പെട്ടെന്ന് ദന്തിസ്റ്റിനെ കാണുകയും അതിനുള്ള ചികിത്സാരീതികള്‍ നടത്തേണ്ടതുമാണ്.

പ്രമേഹരോഗികളില്‍ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം വരുവാനും സാധ്യതയുണ്ട്. ഇതുകാരണം കൂടുതല്‍ മധുരമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ പ്രമേഹരോഗികള്‍ ഇഷ്ടപ്പെടുകയും ഇത് പ്രമേഹത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

പ്രമേഹരോഗികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ദന്താരോഗ്യം കാത്തുസൂക്ഷിക്കുക എന്നതാണ്. ദിവസവും രണ്ടുനേരം ബ്രഷ് ചെയ്ത് പല്ലുകളില്‍ പറ്റിക്കിടക്കുന്ന വസ്തുക്കളെ മാറ്റേണ്ടതാണ്. മോണവീക്കം, ബ്രഷ് ചെയ്യുമ്പോള്‍ തുടര്‍ച്ചയായ രക്തസ്രാവം എന്നിവ ഉള്ള രോഗികള്‍ എത്രയും പെട്ടെന്ന് ദന്തഡോക്ടറെ കണ്ട് ചികിത്സിക്കേണ്ടതാണ്.

പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത്

1. പല്ല് എടുക്കാനോ മറ്റോ ദന്തിസ്റ്റിനെ കാണാന്‍ പോകുന്നവര്‍ തങ്ങളുടെ എല്ലാ രോഗകാര്യങ്ങളും കഴിക്കുന്ന മരുന്നിനെപ്പറ്റിയും ദന്തിസ്റ്റിനെ അറിയിക്കണം.
2. കഴിയുന്നതും രാവിലെ തന്നെയുള്ള അപ്പോയിന്റ്‌മെന്റിന് ബുക്ക് ചെയ്യുക. ദന്തിസ്റ്റിനെ കാണു ന്നതിന് മുമ്പായി ഭക്ഷണം കഴിക്കുക.
3. വായില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.
4. ശസ്ത്രക്രിയയോ പല്ലെടുക്കുകയോ ചെയ്യുന്നതിന് മുമ്പ് ആന്റിബയോട്ടിക് കഴിക്കാന്‍ ചിലപ്പോള്‍ ദന്തിസ്റ്റ് നിര്‍ദേശിക്കാം. ഇത് രോഗാണുബാധയെ നിയന്ത്രിക്കാന്‍ സഹായിക്കും.
5. രക്തത്തില്‍ പഞ്ചസാരയുടെ അളവ് അധികമാണെങ്കില്‍ അത് നിയന്ത്രണവിധേയമാവുന്നതുവരെ പല്ലെടുക്കുന്നതും വായിലെ ശസ്ത്രക്രിയ ചെയ്യുന്നതും മാറ്റിവെക്കുക.
6. ദന്തിസ്റ്റിന്റെ അഭിപ്രായത്തോട് സഹകരിച്ച് മരുന്നുകള്‍ കഴിക്കുക. രോഗികള്‍ അവരുടെ ഇഷ്ടത്തിന് മരുന്ന് കഴിക്കുന്ന രീതി ശരിയല്ല.
7.പ്രമേഹരോഗികള്‍ എല്ലാ ആറുമാസം കൂടുമ്പോഴും ദന്തിസ്റ്റിനെ കാണുകയും ചെക്കപ്പ് നടത്തുകയും പല്ലുകളില്‍ ടാര്‍ടാര്‍ ഉണ്ടെങ്കില്‍ സ്‌കേലിങ് ചെയ്യുകയും വേണം.
8. കൃത്രിമ പല്ല് ഉള്ള പ്രമേഹരോഗികള്‍ അവ വൃത്തിയായി വെക്കുവാന്‍ ശ്രദ്ധിക്കുക.
നല്ല ആരോഗ്യത്തിന്- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ - നിങ്ങളുടെ ദന്താരോഗ്യം സംരക്ഷിക്കുക.

                      മത്രുഭോമി വാര്‍ത്ത‍ 


കരുതിയിരിക്കുക; യുവാക്കളിലും പ്രമേഹം കൂടുന്നു
ഒ.കെ. മുരളീകൃഷ്ണന്‍ 
ലോകത്ത് ജനസംഖ്യകൊണ്ട് രണ്ടാംസ്ഥാനത്താണെങ്കിലും പ്രമേഹബാധിതരുടെ സംഖ്യയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും 80 ലക്ഷം പ്രമേഹരോഗികള്‍ രാജ്യത്തുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്ത് ഒരോ 10 സെക്കന്‍ഡിലും പ്രമേഹംമൂലം ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. 30 സെക്കന്‍ഡില്‍ ഒരു രോഗിയുടെ കാല്‍ മുറിച്ചുമാറ്റപ്പെടുന്നു. ഇതില്‍ 85 ശതമാനവും മതിയായ ചികിത്സയും ശ്രദ്ധയുമുണ്ടെങ്കില്‍ ഒഴിവാക്കാനാവുന്നതേയുള്ളൂ.
View Slideshow
കാരണം 
ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതാണ് പ്രമേഹത്തിന് കാരണം. ശരീരത്തില്‍ സംഭരിക്കുന്ന ഊര്‍ജം വിനിയോഗിക്കാന്‍ ആവശ്യമുള്ള ഹോര്‍മോണാണ് ഇന്‍സുലിന്‍. ടൈപ്പ് വണ്‍, ടൈപ്പ് ടു എന്നിങ്ങനെ പ്രമേഹത്തെ തരംതിരിക്കാം. ശരീരം തീരെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെയിരിക്കുമ്പോഴോ, ആവശ്യത്തിന് ഉത്പാദിപ്പിക്കാതിരിക്കുമ്പോഴോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ആദ്യത്തേത്. ഇന്‍സുലിന്‍ ഉത്പാദനം ഉണ്ടെങ്കിലും ശരീരത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ടൈപ്പ് ടു പ്രമേഹം. ഇതില്‍ ടൈപ്പ് വണ്‍ മൂന്‍കൂട്ടിക്കണ്ട് തടയുക അസാധ്യമാണ്.

കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ടൈപ്പ് രണ്ട് പ്രധാനമായും ജീവിതശൈലീരോഗമാണ്. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയാണ് രണ്ടാമത്തെ ഇനം പ്രമേഹത്തിന് കാരണമാകുന്നത്. പാരമ്പര്യവും ഒരുഘടകമാണ്. ലോക ശരാശരിയെടുത്താല്‍ പ്രമേഹം മധ്യവയസ്സില്‍ പിടിപെടുന്നതായാണ് കണ്ടുവരുന്നതെങ്കിലും ഇന്ത്യയില്‍ യുവാക്കളില്‍ നല്ലൊരു ശതമാനത്തിന് രോഗബാധ കണ്ടുവരുന്നു.

ലക്ഷണങ്ങള്‍

കേരളത്തില്‍ത്തന്നെ പലയിടത്തായി നടത്തിയ പ്രമേഹനിര്‍ണയ ക്യാമ്പുകളില്‍ വ്യക്തമായ ഒരു കാര്യം, രോഗമുള്ളതായി കണ്ടെത്തിയവരില്‍ 10 ശതമാനത്തില്‍ താഴെപേര്‍ മാത്രമേ ഇക്കാര്യം തിരിച്ചറിഞ്ഞവരായിട്ടുള്ളൂ എന്നതാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ ഒന്നിലധികം കാണുന്ന പക്ഷം രക്തപരിശോധന നടത്തേണ്ടത് ആവശ്യമാണ്.

' ഇടയ്ക്കിടെ മൂത്രമൊഴിക്കുക
' അമിത ദാഹം
' വര്‍ധിച്ച വിശപ്പ്
' ഭാരക്കുറവ്
' ക്ഷീണം
' ഉന്മേഷക്കുറവും ഏകാഗ്രതക്കുറവും
' കാഴ്ച മങ്ങല്‍
' ഛര്‍ദ്ദിയും വയറുവേദനയും

കുട്ടികളില്‍

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും പ്രമേഹം പിടിപെടാം. പ്രധാനമായും ടൈപ്പ് വണ്‍ പ്രമേഹമാണ് കുട്ടികളെ ബാധിക്കുക. രോഗത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയണമെന്നില്ല. രക്ഷിതാക്കളുടെ ജാഗ്രതയാണ് പ്രധാനം. നേരത്തേ കണ്ടെത്തിയില്ലെങ്കില്‍ തലച്ചോറിനെ ഗുരുതരമായി ബാധിച്ചേക്കും.വ്യായാമക്കുറവും അമിതഭക്ഷണവും കുട്ടികളില്‍ ടൈപ്പ് ടു പ്രമേഹത്തിനും കാരണമാകുന്നുണ്ട്. ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ മുന്നില്‍ ചടഞ്ഞിരിക്കുന്നതും പാക്കറ്റ് ഭക്ഷണങ്ങള്‍, കോള ഇവ ശീലമാക്കുന്നതും കുട്ടികളില്‍ പ്രമേഹം വരുത്തുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

പ്രമേഹം വരുത്തുന്ന മറ്റുരോഗാവസ്ഥകള്‍

പ്രമേഹം ഗുരുതരമാകുമ്പോള്‍ കാഴ്ചശക്തിയെ ബാധിക്കും. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാണ് ഇത് അറിയപ്പെടുന്നത്. റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ തകരാറിലാവുന്നതാണ് കാരണം. മങ്ങിയകാഴ്ച/രണ്ടായി കാണല്‍, വളയങ്ങളോ കറുത്ത കുത്തുകളോ കാണുന്നതായി തോന്നുക, ഒഴുകുന്ന കറുത്ത കുത്തുകള്‍ ദൃശ്യമാവുക, കണ്ണുകള്‍ക്ക് വേദനയോ മര്‍ദമോ അനുഭവപ്പെടുക ഇവയാണ് രോഗലക്ഷണങ്ങള്‍.

പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ വൃക്കകളെ ബാധിക്കും. ഇതിനെ ഡയബെറ്റിക് നെഫ്രോപ്പതി എന്ന് വിളിക്കുന്നു. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ രോഗബാധയുണ്ടായിട്ടുണ്ടാവാം എന്നതാണ് ഇതിന്റെ അപകടം. ഇത് ഗുരുതരമായാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഡയാലിസിസോ വൃക്ക മാറ്റിവെക്കലോ മാത്രമാണ് പിന്നീടുള്ള പരിഹാരം.

നാഡികളുടെ സംവേദനത്വത്തെ ബാധിക്കുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു രോഗാവസ്ഥ. അത് തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സന്ദേശങ്ങളെത്തുന്നത് മന്ദീഭവിപ്പിക്കും. ലൈംഗികശേഷിയെയും ഇത് ബാധിച്ചേക്കാം. കൈകളില്‍ തരിപ്പ്, മനംപിരട്ടല്‍, ഇടയ്ക്കിടെ തുളച്ചുകയറുന്നതുപോലുള്ള വേദന, മൂത്രം പോകുന്നതിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ലക്ഷണങ്ങളില്‍ പെടുന്നു.നാഡികളുടെ സംവേദനത്തകരാറുകാരണം കാലിലുണ്ടാകുന്ന മുറിവ് പഴുത്ത്, ഒടുവില്‍ കാല് മുറിച്ച് മാറ്റുന്ന അവസ്ഥ പ്രമേഹ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു. പാദസംരക്ഷണവും രോഗനിയന്ത്രണവുമാണ് പരിഹാരം. പ്രമേഹബാധിതരില്‍ ഹൃദ്രോഗ സാധ്യതയും ഏറെയാണ്. ഒരു തവണ ഹൃദയാഘാതം വന്നവരുടേതിനു സമാനമാണ് ടൈപ്പ് ടു പ്രമേഹബാധിതര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത. 

പ്രതിരോധം

ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 വരെയാകുന്നതാണ് സുരക്ഷിതം. ഇത് 100 മുതല്‍ 126 വരെയാണെങ്കില്‍ രോഗത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയായും 126ന് മുകളിലാണെങ്കില്‍ പ്രമേഹാവസ്ഥയായും കണക്കാക്കാം. ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ് രോഗം വരാതിരിക്കാനുള്ള കരുതല്‍. വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തല്‍, സൈക്കിള്‍ സവാരി എന്നിവ ചെലവുകുറഞ്ഞ വ്യായാമങ്ങളാണ്. രോഗാവസ്ഥയെത്തിയാല്‍ വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനുമൊപ്പം മരുന്നും പ്രധാനമാണ്. ഒരിക്കല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയുന്നു എന്നതുകൊണ്ട് രോഗം മാറി എന്നപേരില്‍ ഭക്ഷണനിയന്ത്രണം ഒഴിവാക്കുന്നത് അപകടമാണ്.

ഇന്ത്യയിലെ ശരാശരി കുടുംബങ്ങളില്‍ പ്രമേഹരോഗിയുണ്ടെങ്കില്‍ കുടുംബ ബജറ്റിന്റെ 25 ശതമാനം വരെ ചികിത്സച്ചെലവുവരുമെന്നാണ് കണക്ക്. ഇക്കാരണത്താല്‍ പ്രമേഹം രോഗിയെ മാത്രമല്ല കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തികാടിത്തറ തകര്‍ക്കുന്ന രോഗം കൂടിയാണ്.

(അവലംബം:കാലിക്കറ്റ് ഫോറം ഫോര്‍ ഡയബെറ്റിക്‌സ്, മെഡിലൈന്‍ പ്ലസ്)




                       മഹ്രുഭൂമി വാര്‍ത്ത‍ 




അലര്‍ജി-കാരണവും പരിഹാരവും
ജനജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്ന ഒരു രോഗമാണ് അലര്‍ജി. നിങ്ങള്‍ക്ക് ഏതുവസ്തുവിനോടാണ് അലര്‍ജി എന്ന് അനുഭവിച്ചറിയേണ്ടിവരും. 'അസ്വാഭാവികമായ പ്രവര്‍ത്തനം' എന്നാണ് അലര്‍ജി എന്ന വാക്കിനര്‍ഥം. ഏതെങ്കിലും ഒരന്യപദാര്‍ഥം ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിന്റെ പ്രഭാവത്തെ നശിപ്പിക്കാനായി ഒരു രാസവസ്തു-ആന്റിബോഡി- ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

ആന്റിബോഡിയുടെ ഉത്പാദന പ്രക്രിയയില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ ബാഹ്യവസ്തുവിന് യാതൊരു എതിര്‍പ്പുകളെയും നേരിടാതെതന്നെ ശരീരകോശങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും. ഈ പ്രവര്‍ത്തനത്തില്‍ 'ഹിസ്റ്റാമിന്‍' എന്ന രാസവസ്തു രൂപംകൊള്ളുകയും ഇത് അലര്‍ജി സംബന്ധമായ ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

രോഗബാധയില്‍, ശരീരപ്രകൃതിയുമായി യോജിക്കാത്ത അസാത്മ്യ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തിന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് ആയുര്‍വേദാചാര്യന്മാര്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ക്കോരോന്നിനും ഉണ്ടാകുന്ന അസാത്മ്യ സമ്പര്‍ക്കം, രോഗഹേതുവായി അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

കൃത്രിമവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും മറ്റും ഉപഭോഗം വര്‍ധിച്ചതോടെ അലര്‍ജി സമൂഹത്തില്‍ വര്‍ധിച്ച തോതില്‍ കാണപ്പെടാന്‍ തുടങ്ങി. ഇത്തരം പദാര്‍ഥങ്ങളോട് പ്രതിപ്രവര്‍ത്തന സ്വഭാവം ഉള്ള വ്യക്തി ഇവയുമായി സമ്പര്‍ക്കം ഉണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ത്വക്കില്‍ ചൊറിച്ചിലും ചുവന്നു തടിക്കലും നീരും പോളനും മറ്റും പ്രത്യക്ഷപ്പെടുന്നതാണ്. ഇതിന് ശീതപിത്തം എന്നു പറയുന്നു. തുടക്കം വളരെ പെട്ടെന്നായിരിക്കും. നല്ല ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞ ഭാഗം തിണര്‍ത്തു വരികയും ചെയ്യും.

തണുപ്പേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, മഞ്ഞുകൊള്ളുക എന്നിവയും കൊതുക്, കടന്നല്‍ തുടങ്ങിയ ക്ഷുദ്രജന്തുക്കളുടെ ദംശനവും ഫെയ്‌സ് ക്രീം, നെയില്‍ പോളിഷ്, കൃത്രിമ നൂലുകൊണ്ടുണ്ടാക്കുന്ന വസ്ത്രങ്ങള്‍, ഹെയര്‍ ഡൈ, തൊഴില്‍പരമായി ബന്ധപ്പെടേണ്ടിവരുന്ന രാസദ്രവ്യങ്ങള്‍ എന്നിവയും അലര്‍ജി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകാം.

മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ കഫവും വാതവും ദുഷിച്ച് പിത്തത്തോടു ചേര്‍ന്ന് രക്തത്തിലൂടെ ത്വക്കിലെത്തി ചൊറിഞ്ഞു തടിപ്പുണ്ടാക്കുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. അതിയായ ദാഹം, അരുചി, നെഞ്ചെരിച്ചില്‍, കണ്ണും മൂക്കും ചൊറിയുക, ദേഹത്തിനു കനം തോന്നുക എന്നിവ ശീതപിത്തം ബാധിക്കുന്നതിന് പ്രാരംഭമായി രോഗിക്കനുഭവപ്പെടാം. പുകച്ചില്‍, ചൊറിച്ചില്‍, ചുവപ്പുനിറം, തിണര്‍പ്പ് എന്നിവയാണ് മുഖ്യ ലക്ഷണങ്ങള്‍.

അലര്‍ജി നിമിത്തം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് പ്രതിശ്യായം. നാസാനാളത്തിനു വീക്കം സംഭവിക്കുക കാരണം മൂക്കിലൂടെ ജലസ്രവണവും തുമ്മലും തുടങ്ങുന്നു. തണുത്ത കാറ്റ്, മഞ്ഞ്, നെല്ല്, ഗോതമ്പ്, പഞ്ഞി ഇവകളുടെ പൊടി തുടങ്ങിയ കാരണങ്ങള്‍ ഇവിടെയും ബാധകമാണ്.

പഴകിയതും ദുഷിച്ചതും ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പാകംചെയ്തതുമായ ആഹാര പാനീയങ്ങള്‍, കേടുകൂടാതിരിക്കാനും നിറവും മണവും രുചിയും വര്‍ധിക്കാനുപയോഗപ്പെടുത്തുന്ന ചില രാസവസ്തുക്കള്‍, എരിവും മസാലയും, കൊഞ്ച്, ഞണ്ട്, കൂണ്‍, കക്കയിറച്ചി, അമിത മദ്യപാനം എന്നിവയും വിരുദ്ധാഹാരങ്ങളും അലര്‍ജിക്ക് കാരണമാകും.

അലര്‍ജിയുടെ കാരണമെന്തായാലും ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് രോഗം പൂര്‍ണമായി ശമിക്കാനുള്ള ആയുര്‍വേദത്തിന്റെ മാര്‍ഗം. രോഗാണുക്കളെ നശിപ്പിക്കലല്ല, രോഗാണുക്കള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമൊരുക്കുന്ന ദോഷവൈഷമ്യവും ധാതുവൈകൃതവും പരിഹരിക്കുകയാണ് ആയുര്‍വേദ ചികിത്സയുടെ കാതലായ അംശം.

ശീതപിത്തത്തിന്റെ ആരംഭത്തില്‍ത്തന്നെ ചിറ്റമൃത്, മഞ്ഞള്‍, വേപ്പിന്‍തൊലി, കൊടിത്തൂവ വേര്, കടുക്കാത്തോട്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയ മരുന്നുകള്‍ ഉള്‍ക്കൊള്ളുന്ന അമൃതാദി കഷായം വളരെ പ്രയോജനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ചൊറിച്ചിലിന്റെ ശക്തി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ദേഹത്ത് ശക്തമായ ചൊറിച്ചിലും നല്ല ചുവപ്പുനിറവും വ്യാപകമായ നീരുമുണ്ടെങ്കില്‍ നാല്പാമരമൊട്ട്, രാമച്ചം, ചിറ്റമൃത്, ഇരട്ടിമധുരം, മുത്തങ്ങാക്കിഴങ്ങ്, മഞ്ഞള്‍, ചന്ദനം, നറുനീണ്ടിക്കിഴങ്ങ് ഇവ പാലില്‍ പുഴുങ്ങിയരച്ച് ദേഹത്ത് ലേപനം ചെയ്യണം. വേപ്പിലയും മഞ്ഞളും നെല്ലിക്കയും പൊടിച്ച് നെയ്യില്‍ കുഴച്ചു കഴിക്കുകയും ചെയ്യാം. ദൂഷീവിഷാരിഗുളിക, ഹരിദ്രാഖണ്ഡം, രജ്ഞിഷ്ഠാദികഷായം എന്നിവ വിദഗ്ധ നിര്‍ദേശത്തില്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്.

ശക്തമായ തുമ്മലും മൂക്കടപ്പും മൂക്കില്‍നിന്ന് വെള്ളമൊലിക്കലും ഉണ്ടെങ്കില്‍ ചെറുവഴുതിനയരി, മുരിങ്ങക്കുരു, നാഗദന്തിക്കുരു, ത്രികട്ടാവിഴാലരി പരിപ്പ് ഇവ ആട്ടിന്‍പാലിലരച്ച് കലക്കി എണ്ണചേര്‍ത്തു കാച്ചിയരച്ച് നസ്യംചെയ്യുന്നത് നല്ല ഫലം നല്കും. ത്രിഭുവനകീര്‍ത്തിരസം, വ്യോഷാദിവടകം, ലക്ഷ്മീവിലാസരസം എന്നിവയും പ്രയോജനപ്രദംതന്നെ. ജീരകം, മുത്തങ്ങാക്കിഴങ്ങ്, ചിറ്റരത്ത ഇവ പൊടിച്ച് എണ്ണയും ആവണക്കെണ്ണയും സമം ചേര്‍ത്ത് അതില്‍ ശതകുപ്പ പൊടിച്ചുചേര്‍ത്തു ശിരസ്സില്‍ തളംവെക്കുന്നതും നല്ലതാണ്.

ച്യവനപ്രാശവും അഗസ്ത്യരസായനവും ശ്വാസംമുട്ടല്‍ ശമിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്. മഞ്ഞള്‍, കുരുമുളക്, മുന്തിരിങ്ങ, ചിറ്റരത്ത, ചെറുതിപ്പലി, കച്ചോലം ഇവ പൊടിച്ച് നല്ലെണ്ണയും ചേര്‍ത്തുപയോഗപ്പെടുത്തിയാല്‍ ശക്തിയേറിയ ശ്വാസംമുട്ടലും ശമിക്കുന്നു.

അലര്‍ജി ഉണ്ടാക്കുന്ന അലര്‍ജനുകളെ ഒഴിവാക്കുകയാണ് അലര്‍ജി ചികിത്സയില്‍ പ്രധാനം. നിത്യജീവിതത്തിലുപയോഗപ്പെടുത്തുന്ന ഇവകളെ കണ്ടെത്താന്‍ രോഗികള്‍ക്കാണ് എളുപ്പം. മുറികള്‍ പൊടിപടലങ്ങളില്ലാതെ സൂക്ഷിക്കുക, അലര്‍ജിയുള്ള ആഹാര സാധനങ്ങളെ ഒഴിവാക്കുക, അലര്‍ജിക്ക് സാധ്യതയുള്ള വളര്‍ത്തുമൃഗങ്ങളെ അകറ്റിനിര്‍ത്തുക. പുകവലി, മദ്യപാനം ഇവ ഒഴിവാക്കണം.
അലര്‍ജി ഉണ്ടാക്കുന്ന ഗുല്‍ഗുലു, കൊടുവേലി, എരുക്ക്, ഉമ്മം തുടങ്ങിയവ ചേരുന്ന മരുന്നുകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിക്കുക.

ഡോ. കെ. മുരളീധരന്‍പിള്ള
                       



                     മാതൃഭൂമി വാര്‍ത്ത‍